രക്തക്കണ്ണീരിൻ്റെ അഭിഷേക ജപമാല ഏങ്ങനെ ചൊല്ലണം
ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ.
സ്നേഹമുള്ളവരെ പരിശുദ്ധ അമ്മ നമ്മുടെ ജീവിതത്തിൽ നിരന്തരം ഇടപെടുന്നതിൻ്റെ ലക്ഷണങ്ങളാണ് ഈ സമയങ്ങളിൽ നമ്മൾ കാണുന്നത്. പരിശുദ്ധ അമ്മയെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ് പരിശുദ്ധ അമ്മ രണ്ടാം വരവിൻ്റെ അമ്മയാണ്. ഈ രണ്ടാമത്തെ വരവിൻ്റെ അമ്മ നമുക്ക് എന്താണ് തരാൻ പോകുന്നത്. രണ്ടു കാര്യങ്ങളാണ് രണ്ടാം വരവിൻ്റെ അമ്മയായ പരിശുദ്ധ അമ്മ നൽകുന്നത്.
ഒന്നാമത്തെ കാര്യം, നിൻറെ ജീവിതത്തിൽ ആശ്വാസത്തിൻ്റെ കടലായി പരിശുദ്ധ അമ്മ കൂടെ നിൽക്കും. ജീവിതത്തിൽ ആശ്വാസം ഇല്ലാതെ അസ്വസ്ഥതയുടെ ഏറ്റവും വലിയ മരുഭൂമിയായ അനുഭവത്തിലൂടെ നീ കടന്നു പോകുന്നുണ്ടെങ്കിലും പരിശുദ്ധ അമ്മയോട് ചേർന്ന് പ്രാർത്ഥിക്കുമ്പോൾ പരിശുദ്ധ അമ്മ ആശ്വാസത്തിൻ്റെ കടലായി വന്ന് നിൻ്റെ മരുഭൂമി അനുഭവങ്ങളെ മാറ്റി തരും എന്നാണ് പറയുന്നത്.
രണ്ടാമത്തെ കാര്യം, നിൻ്റെ ജീവിതത്തിൽ അഭിഷേകത്തിൻ്റെ കാറ്റു വീശുന്നവളാണ് അമ്മ. അഭിഷേകത്തിൻ്റെ കാറ്റ് വീശുന്ന ആളാണ് പരിശുദ്ധ അമ്മ എന്ന് പറയുന്നത് എങ്ങനെയാണ്? ഈ രണ്ടു കാര്യങ്ങളും ഒരാൾക്ക് ഏറ്റവും പെട്ടെന്ന് ലഭിക്കുവാനും എങ്ങനെയാണ് സ്വന്തമാക്കുവാനും പറ്റുന്നത്. അഭിഷേക കാറ്റായും ആശ്വാസത്തിൻ്റെ കടലായും പരിശുദ്ധ അമ്മ നിൻ്റെ ജീവിതത്തിൽ എന്നും കൂടെ നിൽക്കാൻ വേണ്ടി പരിശുദ്ധ അമ്മ നമുക്ക് സമ്മാനിച്ച വലിയൊരു അത്ഭുതത്തിൻ്റെ ജപമാലയാണ് സ്നേഹമുള്ളവരെ രക്ത കണ്ണീരിൻ്റെ ജപമാല.
പരിശുദ്ധ അമ്മ അനേകം വിശുദ്ധർക്ക് പരിചയപ്പെടുത്തി കൊടുത്തിട്ടുള്ള ഏറ്റവും വലിയ കൃപയുടെ ഒരു ജപമാലയാണ് പരിശുദ്ധ അമ്മയുടെ രക്തക്കണ്ണീർ ജപമാല. രക്ത കണ്ണുനീരിൻ്റെ ജപമാല ചൊല്ലാനാണ് രണ്ടാം വരവിന് ഒരുങ്ങുന്ന പരിശുദ്ധ അമ്മ നമ്മോട് പറയുയുന്നത്. ഈ കാലഘട്ടത്തിൽ രക്ത കണ്ണുനീരിൻ്റെ ജപമാല ചൊല്ലേണ്ട ഏറ്റവും ആവശ്യമുള്ള ഒരു സമയമാണിത്. നമുക്കറിയാം ഈ ലോകം അത്രമേൽ പ്രശ്നസങ്കീർണ്ണമായി കൊണ്ടിരിക്കുകയാണ്. കുഞ്ഞുങ്ങളെയൊക്കെ പച്ചയ്ക്ക് കത്തിച്ചു കളയുന്നതും, രാഷ്ട്രങ്ങൾ തമ്മിലുള്ള പ്രശ്നങ്ങളിലൂടെയും, വ്യക്തിപരമായ ഒരുപാട് ഡിപ്രഷനിലൂടെയും ഒക്കെ കടന്നുപോകുകയും അതുപോലെ നാരകിയ ശക്തികൾ ഒക്കെ തലപൊക്കി കൊണ്ടിരിക്കുന്ന സമയമാണ്. ഈയൊരു സമയത്ത് എങ്ങനെ ഒരാൾക്ക് രക്ഷപ്പെടാം, എങ്ങനെ ഒരാൾക്ക് ഒരു ആശ്വാസം കിട്ടും എന്ന് ചോദിക്കുമ്പോൾ ഈ പരിശുദ്ധ അമ്മ നൽകുന്ന ഏറ്റവും നല്ലൊരു ഉത്തരമാണ് അമ്മയുടെ രക്ത കണ്ണീരിൻ്റെ ജപമാല ചൊല്ലുന്നത്. നമ്മുടെ ജീവിതത്തിലെ രണ്ടാം വരവിന് നമ്മൾ ഒരുങ്ങി കൊണ്ടിരിക്കുന്നത് ഈ രക്ത കണ്ണീരിൻ്റെ ജപമാല ചെല്ലുമ്പോൾ ആണ്. രണ്ടാം വരവിൻ്റെ സമയത്ത് രാജാധിരാജനായ മിശിഹാ നമ്മുടെ തൊട്ടടുത്തു വന്ന് നമ്മുടെ ജീവിതത്തിലെ അഭിഷേകത്തിൻ്റെ കാറ്റ് വീശുന്നതെങ്കിൽ ഈശോ വന്ന് വിധിക്കുന്ന സമയത്ത് നീതിമാന്മാരെ സ്വർഗ്ഗത്തിലേക്കും പാപികളെ നരകത്തിലേക്കും തള്ളി വിടുവാനും ആയിട്ട് ഈശോ പരിശുദ്ധ അമ്മയോടു കൂടെ വരുന്ന സമയത്ത് നീതിമാന്മാരുടെ രാജ്യത്തേക്ക് നമ്മളെ ചേർത്തു നിർത്തണമെങ്കിൽ നമ്മളെ സഹായിക്കുന്ന ഏറ്റവും നല്ല പ്രാർത്ഥനയാണ് രക്ത കണ്ണീരിൻ്റെ ജപമാല. നമുക്ക് ഇന്നു മുതൽ രക്ത കണ്ണീരിൻ്റെ ജപമാല ചൊല്ലി പ്രാർത്ഥിച്ചു തുടങ്ങാം. പരിശുദ്ധ അമ്മ ചാരെ വന്ന് നമ്മളെ സഹായിക്കാൻ നമ്മുടെ കൂടെ നിൽക്കാൻ വേണ്ടി അമ്മ തന്ന സമ്മാനമാണ് രക്ത കണ്ണീരിൻ്റെ ജപമാല. അനേകരോട് നമ്മൾ ഈ രക്ത കണ്ണീർ ജപമാലയുടെ അനുഗ്രഹം പറയണം. പരിശുദ്ധ അമ്മ നമ്മുക്ക് നൽകുന്നത് രണ്ട് കാര്യങ്ങളാണ്.
ഒന്ന് നമ്മുടെ ജീവിതത്തിലെ മരുഭൂമി അനുഭവങ്ങളിൽ നിന്ന് നമ്മളെ കാത്തു രക്ഷിച്ച ഒരാശ്വാസത്തിൻ്റെ കടൽ അനുഭവം സ്നേഹത്തിൻ്റെ കടൽ അനുഭവം കരുണയുടെ കടൽ അനുഭവം ഏറ്റവും വാത്സല്യത്തിൻ്റെ കടൽ അനുഭവം പരിശുദ്ധ അമ്മ നമുക്ക് നൽകാൻ രക്ത കണ്ണീരിൻ്റെ ജപമാല ആവശ്യമാണ്.
രണ്ട് നിൻ്റെ ജീവിതത്തിലെ അഭിഷേകം നിറയ്ക്കാൻ പാപത്തിൻ്റെ വഴികൾ, ശാപത്തിൻ്റെ വഴികൾ ഇവയിലുള്ള പൈശാചിക ശക്തികളിൽ നിന്ന് നമ്മളെ രക്ഷിക്കാൻ ഒക്കെ ഈ ജപമാല നമ്മളെ സഹായിക്കും. രക്തക്കണ്ണീരിൻ്റെ ജപമാല ചൊല്ലി കഴിഞ്ഞാൽ നിൻ്റെ ജീവിതത്തിൽ ആശ്വാസം കിട്ടും. നിൻ്റെ ജീവിതത്തിൽ അഭിഷേകം കിട്ടും. പിശാചിൻ്റെ അടിമത്തത്തിൽ നിന്നും നമുക്ക് മോചനം ലഭിക്കുമെന്ന് ഉറച്ച വിശ്വാസത്തോടു കൂടി രക്തക്കണ്ണീർ ജപമാല ചൊല്ലി പ്രാർത്ഥിച്ചാൽ അനേകം അത്ഭുതങ്ങൾ നിങ്ങളുടെ ജീവിതത്തിൽ അനുഭവ പ്പെടാൻ സാധിക്കും.
രക്ത കണ്ണീരിൻ്റെ ജപമാല പ്രചരിപ്പിക്കുന്നവരിൽ നിന്നും ചൊല്ലുന്നവരിൽ നിന്നും പിശാശ് ഓടി അകലും. ആത്മീയ മനുഷ്യനാക്കുന്നതിന് തടസ്സം നിൽക്കുന്ന പിശാചിനെ തകർത്തു കളയുന്നതാണ് ഈ രക്ത കണ്ണീരിൻ്റെ ജപമാല ചെല്ലുമ്പോൾ കിട്ടുന്ന ആദ്യത്തെ കാര്യം. അതുകൊണ്ട് നമുക്ക് ഏതെങ്കിലും പൈശാചിബന്ധനങ്ങളും പാപത്തിൻ്റെ കെട്ടുപാടുകളോ ഉണ്ടെങ്കിൽ അതു മാറ്റാൻ നമുക്ക് ഇന്നു മുതൽ രക്ത കണ്ണീരിൻ്റെ ജപമാല ചൊല്ലണം.രണ്ടാമത്തെ കാര്യം നിങ്ങളുടെ ജീവിതത്തിലെ ഏതെങ്കിലും ഒക്കെ കണ്ണീരിൻ്റെ അനുഭവം ഉണ്ടെങ്കിൽ പരിശുദ്ധ അമ്മ സങ്കടക്കടൽ മാറ്റി അഭിഷേകത്തിൻ്റെ ആശ്വാസത്തിൻ്റെ കടൽ തീർക്കും.
ക്രൂശിൻ്റെ മാറിൽ നിന്നെയും എന്നെയും ചേർക്കുന്ന വിണ്ണിൻ്റെ കാരുണ്യം ആണ് അമ്മ മറിയം. അവളുടെ മന്ദസ്മിതത്തിന് മനസ്സിനെ തണുപ്പിക്കുന്ന മുല്ലപ്പൂവിൻ്റെ സൗരഭ്യം ആണ്. അവൾക്ക് മഴവില്ലിനേക്കാൾ ഏഴകകാണ്. അളവില്ലാത്ത സ്നേഹത്തിൻ്റെ നീലാകാശവും ആശ്വാസത്തിൻ്റെ കുളിർ കാറ്റും ആണ് അവൾ. അമ്മയിൽ സകല പുണ്യങ്ങളും പൂവിട്ടിരിക്കുന്നു. ദൈവത്തിനു പാർക്കാൻ പറുദീസയായ അമ്മയെ കണ്ടെത്തുന്നവർ ഭൂമിയിലെ നക്ഷത്രങ്ങളായി തീരുക തന്നെ ചെയ്യും. അമ്മേ നിന്നെ ഇന്ന് കാണുന്നത് നീ കണ്ണീരോടുകൂടെ വിലപിക്കുന്നതാണ്. അമ്മ എന്തിനാണ് കരയുന്നത് എന്ന് ചോദിക്കുന്ന ഞങ്ങൾക്ക് അമ്മ നൽകുന്ന ഉത്തരം ഞങ്ങളുടെ പാപങ്ങളുടെയും ഞങ്ങളുടെ കന്നത്തരങ്ങളുടെയും ഒക്കെ കാഴ്ചകൾ നിൻ്റെ കണ്ണു നനയിക്കുന്നു എന്നുള്ളതാണ്. ഓ പരിശുദ്ധ അമ്മേ അമ്മ കരയാതിരിക്കാൻ ഞങ്ങൾ ഒരു നല്ല ജീവിതം നയിക്കാൻ ആഗ്രഹിക്കുകയാണ്. അമ്മേ, നിൻ്റെ രക്ത കണ്ണുനീരിൻ്റെ ഈ ജപമാല ചൊല്ലി പ്രാർത്ഥിക്കുമ്പോൾ മേലിൽ പാപം ചെയ്യാതെ ജീവിക്കുവാൻ അതുവഴി നിൻ്റെ കണ്ണുനീർ തുടയ്ക്കുന്നവരായി തീരുവാൻ പരിശുദ്ധ അമ്മേ നീ ഞങ്ങളെ സഹായിക്കേണമേ !. അമ്മ പറയുന്നു എൻറെ കുഞ്ഞേ ഞാൻ കരയുന്നത് നിനക്കുവേണ്ടിയാണ് നിൻ്റെ രക്ഷയ്ക്ക് വേണ്ടിയാണെന്ന് പറയുന്ന പരിശുദ്ധ അമ്മയോട് ചേർന്ന് നമ്മുടെ കരങ്ങളിൽ ഈ രക്ത കണ്ണുനീരിൻ്റെ ജപമാല എടുത്ത് പ്രാർത്ഥിച്ചു തുടങ്ങാം.
രക്ത കണ്ണുനീരിൻ്റെ ഈ ജപമാല അവൾ നമുക്ക് നൽകുന്ന സ്നേഹ സമ്മാനമാണ്. നീയും ഞാനും ഇനിമേൽ കരയാതിരിക്കാൻ അവൾ നമുക്കായി കരഞ്ഞ് സ്വർഗ്ഗത്തിൽ മാധ്യസ്ഥം വഹിക്കുന്ന ജപമാലയാണ് രക്ത കണ്ണു നീരിൻ്റെ ഈ അഭിഷേക ജപമാല. നമ്മുടെ ജീവിത ദുഃഖങ്ങൾക്ക് അറുതി വരുത്തുവാനും സാത്താൻ്റെ ശക്തികളിൽ നിന്ന് രക്ഷനേടാനും അത്ഭുതകരമായ രോഗ സൗഖ്യങ്ങൾ സംഭവിക്കുവാനും ഈ അത്ഭുത ജപമാല കാരണമാകട്ടെ. കരഞ്ഞു പ്രാർത്ഥിച്ച പരിശുദ്ധ മറിയത്തിൻ്റെയും ശിഷ്യന്മാരുടെയും അടുത്ത് പരിശുദ്ധാത്മാവ് വന്ന് അവരുടെ ജീവിതങ്ങളിൽ അവരുടെ മുറിവനുഭവങ്ങൾ മാറ്റി അഭിഷേകത്തിൻ്റെ തീക്കാറ്റു വീശിയ പരിശുദ്ധാത്മാവിൻ്റെ സാന്നിധ്യം ഈ അത്ഭുത ജപമാലയിൽ നമ്മുക്ക് സ്വന്തമാക്കാൻ ഇടവരുത്തട്ടെ. അമ്മയോട് ചേർന്ന് ഈ പ്രാർത്ഥന ഭക്തിപൂർവ്വം നമുക്ക് ദൈവ പിതാവിന് സമർപ്പിക്കാം ….
ഇതെങ്ങനെയാണ് ചൊല്ലേണ്ടത്. (പ്രചരിപ്പിക്കുന്നവരിലും ചൊല്ലുന്നവരിലും നിന്ന് പിശാച് തോറ്റ് ഓടിമറയുന്നു)
ക്രൂശിതനായ എൻ്റെ ഈശോയെ, അങ്ങേ തൃപ്പാദങ്ങളിൽ സാഷ്ടാംഗം വീണു കരുണാർദ്രമായ സ്നേഹത്തോടെ കാൽവരിയിലേക്കുള വേദന നിറഞ്ഞ യാത്രയിൽ അങ്ങേ അനുഗമിച്ച പരി. അമ്മയുടെ രക്തക്കനീരിനെ ഞങ്ങൾ അങ്ങേയ്ക്ക് സമർപ്പിക്കുന്നു. നല്ലവനായ കർത്താവേ, പരി. അമ്മയുടെ രക്തം കലർന്ന കണ്ണുനീർത്തുളളികൾ തരുന്ന സന്ദേശം ശരിക്കു മനസിലാക്കുന്നതിനും അങ്ങനെ ഞങ്ങൾ ഇഹത്തിൽ അങ്ങയുടെ തിരുമനസ്സ് നിറവേറ്റിക്കൊണ്ട് സ്വർഗത്തിൽ അമ്മയോടൊത്ത് നിത്യമായി അങ്ങയെ വാഴ്ത്തി യോഗ്യരാകുന്നതിനുവേണ്ട അനുഗ്രഹം ഞങ്ങൾക്ക് നൽകണമേ. ആമ്മേൻ
ഇതിനുശേഷം സ്വർഗ്ഗസ്ഥനായ പിതാവ് എന്ന പ്രാർത്ഥന ചൊല്ലുന്നതിനു പകരം (ജപമാലയുടെ വലിയ മണികളിൽ)
ഓ ഈശോയെ ഈ ലോകത്തിൽ അങ്ങയെ അധികമായി സ്നേഹിക്കുകയും സ്വർഗ്ഗത്തിൽ അങ്ങയെ ഏറ്റവും ഗാഢമായി സ്നേഹിച്ച് അങ്ങയോടൊപ്പം വാഴുകയും ചെയ്യുന്ന പരിശുദ്ധ അമ്മയുടെ രക്ത കണ്ണുനീർ കണങ്ങളെ അങ്ങ് കരുണയോടെ വീക്ഷിക്കേണമേ.
ഇതിനുശേഷം 7 തവണ അമ്മയോട് രക്തക്കണ്ണീരിൻ്റെ ജപമാല ചൊല്ലി പ്രാർത്ഥിക്കുകയാണ്. പ്രാർത്ഥന ഇപ്രകാരമാണ്
(ജപമാലയുടെ ചെറിയ മണികളിൽ )
സ്നേഹം നിറഞ്ഞ ഈശോയെ അങ്ങയുടെ പരിശുദ്ധ അമ്മ ചിന്തിയ രക്ത കണ്ണുനീർ കണ്ണങ്ങളെ കുറിച്ച് ഞങ്ങളുടെ യാചനകൾ കേൾക്കേണമേ.
ഇത് പ്രാർത്ഥിക്കുന്ന ആള് സ്നേഹം നിറഞ്ഞ ഈശോയെ പരിശുദ്ധ അമ്മ ചിന്തിയ രക്തക്കണ്ണീർ കണങ്ങളെ കുറിച്ച് എന്ന് പറയുമ്പോൾ എല്ലാവരും ചേർന്ന് ഞങ്ങളുടെ യാചന കേൾക്കണമേ എന്ന് പറഞ്ഞ് നമ്മുടെ ഓരോ യാചനകൾക്കും അതായത് ഒരു ഏഴ് യാചനകൾ സമർപ്പിച്ച് പ്രാർത്ഥിക്കണം.ഇങ്ങനെ ഏഴ് പ്രാവശ്യമാണ് ഇത് ചൊല്ലേണ്ടത്. അപ്പോഴാണ് ഇത് ഒരു ഭാഗം തീർക്കുന്നത്. ഇത് 7 വ്യാകുലങ്ങൾ ആയിട്ടാണ് ചൊല്ലേണ്ടത്. നമ്മൾ ജപമാല ചൊല്ലുമ്പോൾ അഞ്ചു രഹസ്യങ്ങളാണ് ചൊല്ലുന്നതെങ്കിൽ ഇതിൽ ഏഴു വ്യാകുലങ്ങളാണ്. പരിശുദ്ധ അമ്മയുടെ 7 വ്യാകുലങ്ങളെ നമ്മൾ ധ്യാനിക്കുന്നു.
അതിനുശേഷം വീണ്ടും . ഓ ഈശോയെ….( I പ്രാവശ്യം )
സ്നേഹം നിറഞ്ഞ …. (7 പ്രാവശ്യം)
ഇതിനു ശേഷം പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധയും സ്തുതിയും പുകഴ്ച്ചയും സമർപ്പിക്കുന്നു. (ഇത് 3 പ്രാവശ്യം ചെല്ലുക ) അതിനു ശേഷം തുടർന്ന് 7 തവണ അമ്മയോട് രക്തക്കണ്ണീരിൻ്റെ ജപമാല ചൊല്ലി പ്രാർത്ഥിക്കുക
ഇങ്ങനെ 7 പ്രാവശ്യം ആവർത്തിച്ചു ചൊല്ലുക.
മാതാവിൻറെ ആ ഏഴ് വ്യാകുലങ്ങൾ നമുക്ക് നോക്കാം.

ഒന്നാം വ്യാകുലം :- ശിമയോൻ്റെ പ്രവചനം
ശിമയോൻ്റെ വാക്കുകൾ പരിശുദ്ധ അമ്മയുടെ ഹൃദയത്തിൽ പൊള്ളലേറ്റ അനുഭവമാണ് സമ്മാനിച്ചത്. വാൾ ഹൃദയത്തിൽ തുളച്ച് കയറിയത് പോലെയാണ് അവൾ അത് കേട്ടത്. നിൻ്റെ മകനൊരു വിവാദ വിഷയം ആകുമെന്ന വാർത്ത ഏത് അമ്മയ്ക്കാണ് ഉൾക്കൊള്ളാൻ ആവുക. നെഞ്ചോട് ചേർത്ത് വെച്ച മകൻ അനുഭവിക്കാൻ പോകുന്ന സങ്കടക്കടലോർത്തപ്പോൾ മറിയത്തിൻ്റെ ഹൃദയം തെല്ലൊന്നുമല്ല പിടഞ്ഞത്. അവളുടെ ഹൃദയത്തിലൂടെ കടന്ന വാൾ ഒരിക്കലും ഉണങ്ങാത്ത മുറിവാണ് അവളിൽ തീർത്തത്. അവളുടെ മിഴികളിൽ നിന്നും ഒഴുകിയ കണ്ണുനീരിന് രക്തത്തിൻ്റെ രുചിയും നിറവുമായിരുന്നു. അമ്മേ, ഞങ്ങളും ജീവിത വഴികളിൽ കേൾക്കുന്ന വാർത്തകൾ ഞങ്ങളുടെ ഹൃദയം തുളച്ചുകയറുന്ന രീതിയിൽ മുറിവേൽക്കുന്ന അനുഭവങ്ങളാണ്. അമ്മയോട് ചേർന്ന് ഈ രക്ത കണ്ണീരിൻ്റെ ജപമാല ചൊല്ലി പ്രാർത്ഥിക്കുമ്പോൾ ഞങ്ങളുടെ മുറിവനുഭവങ്ങളെല്ലാം അമ്മ വിശുദ്ധീകരിച്ച് അമ്മയുടെ മകൻ്റെ തിരുമുറിവുകളോട് ചേർത്ത് നിർത്തേണമേ. ആമ്മേൻ !

രണ്ടാം വ്യാകുലം:- ഈജിപ്തിലേക്കുള്ള പാലായനം
കണ്ണുനീരിൻ്റെ യാത്രയായിരുന്നു അമ്മ മറിയത്തിൻ്റെത്. സ്വസ്ഥമായി ഉറങ്ങാനോ വിശ്രമിക്കാനോ കഴിയാത്ത അലച്ചിലുകൾ കൊണ്ട് മുൾമുടി ചാർത്തപ്പെട്ട ജീവിതമായിരുന്നു പരിശുദ്ധ അമ്മ മറിയത്തിൻ്റെത്. എന്നിട്ടും മറിയം പരാതി പറയാതെ യൗസേപിതാവിനോടൊപ്പം നടന്നു നീങ്ങി. എൻ്റെ വഴികൾ ശുദ്ധമാക്കാനും എനിക്ക് വഴി തെറ്റാതിരിക്കാനുമാണ് അമ്മേ നീ നടന്നത് എന്ന് തിരിച്ചറിയുകയാണ്. ഈ രക്തകണ്ണുനീരിൻ്റെ ജപമാല ചൊല്ലുമ്പോൾ അമ്മേ നിൻ്റെ യാതനകളുടെ രക്തകണ്ണുനീരുകൾ ധ്യാനിച്ച് പ്രാർത്ഥിക്കുന്ന എൻ്റെ ജീവിതത്തിൽ നിന്ന് എല്ലാ യാത്ര തടസ്സങ്ങളും മാറ്റി എൻ്റെ വഴികൾ സ്വസ്ഥമാക്കുകയും എൻ്റെ യാത്രകൾ സുഗമമാക്കുകയും ചെയ്യേണമേയെന്ന് പ്രാർത്ഥിക്കുന്നു. ആമ്മേൻ

മൂന്നാം വ്യാകുലം:- ഈശോയെ കാണാതാവുന്നു.
കരങ്ങളിൽ ചേർത്ത് പിടിച്ച് നെഞ്ചോട് അടുക്കിപ്പിടിച്ച് നടന്നിട്ടും ചിലരൊക്കെ ചില സമയങ്ങളിൽ നമ്മളിൽ നിന്നും ചോർന്നു പോകാറുണ്ട്. പത്തുമാസം ചുമന്ന മകൻ കണ്ണിലെ കൃഷ്ണമണിപോലെ പരിപാലിച്ചവൻ പെട്ടെന്ന് കരങ്ങളിൽ നിന്ന് ഊർന്നു പോയപ്പോൾ പരിശുദ്ധ അമ്മേ നീ അനുഭവിച്ച വേദനയുടെ ആഴം ആർക്കാണ് മനസ്സിലാക്കാതിരിക്കുക. ഇനി എവിടെ പോയി അന്വേഷിക്കുമെന്ന് പോലും അറിയാത്ത സങ്കടത്തിൻ്റെ വേലിയേറ്റത്തിലൂടെയാണ് അമ്മേ നീ കടന്നുപോയത് എന്ന് ഞങ്ങൾ അറിയുകയാണ്. അമ്മേ നിൻ്റെ കണ്ണുനീർ അനുഭവമായിരുന്നു മകനെ നഷ്ടപ്പെട്ട ആ സന്ധ്യകളും ആ രാത്രികളുമെന്ന് ഞങ്ങൾ അറിയുകയാണ്. അമ്മേ നീ അനുഭവിച്ചതു പോലെയുള്ള ചില സഹനങ്ങൾ എൻ്റെ ജീവിതത്തിലും ഞാനും അനുഭവിക്കുന്നുണ്ട്. ഞങ്ങളിൽ നിന്ന് നഷ്ടപ്പെട്ടതെല്ലാം അമ്മേ നീ തിരിച്ചു നൽകുകയും ചെയ്യേണമേ. അമ്മയുടെ രക്ത കണ്ണുനീരിൻ്റെ ജപമാല ചൊല്ലുന്ന ഞങ്ങളുടെ ജീവിതത്തിലൊരു പുത്തൻ ഉണർവ് നീ നൽകേണമേ. ആമ്മേൻ.

നാലാം വ്യാകുലം:- ഈശോ കുരിശു ചുമക്കുന്നു.
ചില കാഴ്ചകൾ നമ്മുടെ ചങ്ക് തകർക്കും. പ്രത്യേകിച്ച് നമ്മുടെ പ്രിയപ്പെട്ടവരുടെ വേദനകളുടെ കാഴ്ചകൾ നമ്മെ അടിമുടി ഉലക്കും. പരി. അമ്മ അത്തരം ഒരു സന്നിഗ്ദ്ധ അവസ്ഥയിലൂടെയാണ് കടന്നുപോയത്. സ്നേഹപൂർവ്വം ചുംബിച്ച മകൻ്റെ ശരീരം പടയാളികൾ കീറിമുറിക്കുന്നു. അമ്മേ നിനക്ക് എങ്ങനെയാണ് മകൻ്റെ മുറിവേറ്റ ഈ ശരീരം നോക്കി നിൽക്കാനായത്. നിൻ്റെ കണ്ണിൽ നിന്നും ഒഴുകുന്നത് കണ്ണുനീർ അല്ലെന്ന് ഞാൻ എത്രയോ തവണ തിരിച്ചറിയുന്നു. നീ കരയുകയായിരുന്നില്ല. രക്തം ചിന്തുക്കയായിരുന്നു. അമ്മേ മാതാവേ ഞങ്ങളുടെ ജീവിതത്തിലും ചില തകർച്ചയുടെ അനുഭങ്ങളുണ്ട്. ചില കാഴ്ചകൾ ഞങ്ങളുടെ ജീവിതത്തെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്. അമ്മേ നിന്നോട് ചേർന്ന് ഈ രക്തക്കണ്ണീരിൻ്റെ ജപമാല ചൊല്ലി കാഴ്ചവയ്ക്കുമ്പോൾ ഞങ്ങളുടെ ജീവിതത്തിൽ ചങ്ക് തകർക്കപ്പെട്ട അനുഭവങ്ങൾ കണ്ട കാഴ്ചകൾ വേദനയുടെ വേലിയേറ്റങ്ങൾ തീർക്കുന്ന അനുഭവങ്ങൾ അതെല്ലാം മാറ്റി ഞങ്ങളുടെ കണ്ണുകളിൽ പുതിയ കാഴ്ചകൾ സ്വർഗ്ഗത്തിൻ്റെ കാഴ്ചകൾ അമ്മ മാതാവേ നീ നൽകണമെന്ന് പ്രാർത്ഥിക്കുന്നു. ആമ്മേൻ.

അഞ്ചാം വ്യാകുലം:- ഈശോ മരിക്കുന്നു.
വിലാപങ്ങൾ ആർക്കും ഒരിക്കലും ഒഴിവാക്കാനാവില്ല. എത്രയൊക്കെ ശ്രമിച്ചാലും ചില കുരിശുമരണങ്ങൾ നമ്മെ തേടി വരിക തന്നെ ചെയ്യും. അമ്മയെ തേടിയും വിലാപങ്ങൾ വിരുന്നു വന്നു. മകൻ്റെ പാടു പീഡകൾക്കു മുൻമ്പിൽ അമ്മയ്ക്ക് വിതുമ്പാതെ മറ്റു മാർഗ്ഗങ്ങളില്ല. അമ്മ മകനെ നോക്കി കണ്ണീരോടു കൂടെ പ്രാർത്ഥിക്കുകയായിരുന്നു. പരിശുദ്ധ മറിയമേ എൻ്റെ ജീവിതത്തിലെ വിലാപങ്ങൾ നീ കാണേണമേ. നീ നിൻ്റെ മകൻ്റെ കൂടെ നിന്നതുപോലെ എൻ്റെ ജീവിതത്തിൻ്റെ വിലാപങ്ങൾക്ക് ആശ്വാസത്തിൻ്റെ കാറ്റായി കൂടെ നിൽക്കേണമേ. ആമ്മേൻ.

ആറാം വ്യാകുലം:- ഈശോയെ അമ്മയുടെ മടിയിൽ കിടത്തുന്നു.
അമ്മയുടെ മടിയിൽ മകൻ്റെ ശരീരമാണ്. ചേതനയറ്റ ശരീരം. പൊള്ളലോടെ അവളെല്ലാം ഏറ്റെടുത്തു. അമ്മേ, നീ സ്നേഹിച്ച നിൻ്റെ മകൻ മരണപ്പെട്ട വാർത്ത കേട്ടപ്പോൾ എത്രയോ കണ്ണീരാണ് നീ അവനു വേണ്ടി ഒഴുകിയത്. പരി.മറിയമേ എൻ്റെ ജീവിതവും മരണകരമായ വഴിയിലൂടെ കടന്നു പോവുകയാണ്. അമ്മയുടെ മടിത്തട്ടിൽ കിടക്കാൻ ഞാനും ആഗ്രഹിക്കുന്നു. എനിക്ക് ജീവിക്കണ്ട എന്ന് പറയത്തക്ക രീതിയിലുള്ള പ്രശ്നങ്ങളുടെ മേൽ പ്രശ്നങ്ങൾ എൻ്റെ ജീവിതത്തിൽ ഉണ്ട്. പരിശുദ്ധ അമ്മേ നിൻ്റെ മടിയിൽ കിടക്കുമ്പോൾ എൻ്റെ മരണകരമായ അനുഭവങ്ങളിൽ നിന്ന് നീ ഒഴുകിയ കണ്ണീരിൻ്റെ അഭിഷേകത്താൽ ഞാൻ വീണ്ടെടുക്കപ്പെടുമെന്ന് വിശ്വസിക്കുന്നു. ആമ്മേൻ.

ഏഴാം വ്യാകുലം:- ഈശോയെ സംസ്കരിക്കുന്നു.
മകനെ പരസ്യ ജീവിതത്തിന് അയച്ചപ്പോൾ തനിച്ചായ കല്ലറ അനുഭവങ്ങളിലൂടെ കടന്നുപോയവൾ. മകൻ്റെ ചലനമറ്റ ശരീരം ഏറ്റെടുത്തപ്പോൾ കല്ലറപോലെ ശൂന്യമായ ജീവിതം. എല്ലാം പരി. അമ്മ അനുഭവി ക്കുകയും അറിയുകയും ചെയ്തു. അമ്മേ എൻ്റെ ജീവിതത്തിലും കല്ലറ അനുഭവങ്ങൾ ഒരുപാടാണ്. പക്ഷേ നീ നിൻ്റെ മകൻ്റെ കല്ലറയിൽ കൂടെ നിന്നപ്പോൾ ആ കല്ലറ പൊളിച്ച് അവൻ മൂന്നാം ദിവസം ഉയർത്തെഴുന്നേറ്റതുപോലെ എൻ്റെ ജീവിതത്തിൻ്റെ കല്ലറ അനുഭവങ്ങളെല്ലാം ഈ രക്ത കണ്ണുനീരിൻ്റെ ജപമാല ചൊല്ലി പ്രാർത്ഥിക്കുമ്പോൾ അത് ഏറ്റെടുത്ത് മാറ്റണമെ എന്ന് പ്രാർത്ഥിക്കുന്നു. ആമ്മേൻ
ഇങ്ങനെ ഏഴ് പ്രാവശ്യമാണ് ഏഴ് വ്യാകുലങ്ങൾ പറഞ്ഞ് പ്രാർത്ഥിക്കേണ്ടത്. ഓരോ വ്യാകുലത്തിനുശേഷം ഓ ഈശോ എന്ന് പറയുന്ന പ്രയർ ചൊല്ലി ഏഴ് പ്രാവശ്യം റിപ്പീറ്റ് ചെയ്ത് ഈ പ്രാർത്ഥന ഈ ദിവസങ്ങളിൽ നമ്മൾ ചൊല്ലി തുടങ്ങിയാൽ വലിയ അനുഭവങ്ങൾ നിങ്ങളുടെ ജീവിതത്തിൽ അനുഭവിക്കാൻ സാധിക്കും.
ഈ ഏഴ് വ്യാകുലങ്ങൾ കഴിഞ്ഞാൽ ഒരു ചെറിയ പ്രാർത്ഥനയുണ്ട്. ഈ ഏഴ് വ്യാകുലങ്ങളും പ്രത്യേകിച്ച് ഈ രക്ത കണ്ണീരിൻ്റെ ഒരു പ്രത്യേകത ഏഴു നിയോഗങ്ങൾ നമ്മൾ സമർപ്പിക്കണം എന്നുള്ളതാണ്. ഈ രക്ത കണ്ണീരിൻ്റെ ജപമാല ചൊല്ലാൻ തുടങ്ങുമ്പോൾ തന്നെ 7 നിങ്ങളുടെ ആവശ്യങ്ങൾ അവിടെ സമർപ്പിക്കണം. രോഗപീഢകളാകാം സാമ്പത്തിക ബുദ്ധിമുട്ടുകൾ ആകാം ശാരീരിക ബന്ധനങ്ങൾ ആവാം പൈശാചിക ബന്ധനങ്ങൾ ആകാം ഏതുമാകട്ടെ 7 നിയോഗങ്ങൾ നിങ്ങൾ സമർപ്പിച്ച് ഇത് ചൊല്ലാൻ തുടങ്ങുക. അങ്ങനെ ഏഴ് ദിവസം നിങ്ങൾ അടിപ്പിച്ച് ഇത് ചൊല്ലി സമർപ്പിച്ച് പ്രാർത്ഥിക്കുക.
ജപമാല സമർപ്പണ പ്രാർത്ഥന
ഓ മറിയമേ വ്യാകുലവും കരുണയും സ്നേഹവും നിറഞ്ഞ അമ്മേ, ഞങ്ങളുടെ എളിയ യാചനകളെ അങ്ങയുടെ പ്രാർത്ഥനയോടെ ചേർത്ത് ഞങ്ങളുടെ പ്രാർത്ഥനകളെ അങ്ങയുടെ പ്രിയപുത്രന് കാഴ്ചവയ്ക്കേണമേ. അങ്ങ് ഞങ്ങൾക്കായി ചിന്തിയ രക്തകണ്ണുനീർ കണങ്ങളെ കുറിച്ച് (നമ്മുടെ 7 ആവശ്യം പറയുക ) അങ്ങയുടെ പ്രിയപുത്രനിൽ നിന്നും ലഭിച്ചു തരണമേ. ഞങ്ങളെ എല്ലാവരെയും നിത്യ സൗഭാഗ്യത്തിൽ ചേർക്കുകയും ചെയ്യേണമേ. ഓ മറിയമേ അങ്ങയുടെ രക്ത കണ്ണുനീരാൽ പിശാശിൻ്റെ ഭരണത്തെ തകർക്കണമേ എന്നും ഞങ്ങളെ പ്രതി ബന്ധിതമായ ഈശോയുടെ തൃക്കരങ്ങളാൽ സകല തിന്മകളിൽ നിന്നും ലോകത്തെ കാത്തു രക്ഷിക്കുമാറാകട്ടെ എന്നും ഞങ്ങൾ പ്രാർത്ഥിക്കുന്നു ആമ്മേൻ.
ഇത് കഴിഞ്ഞിട്ട് മാതാവിൻ്റെ ഏതെങ്കിലും ഗാനം പാടി അവസാനിപ്പിക്കുക ഇങ്ങനെയാണ് 45 മിനിറ്റുള്ള മാതാവിൻ്റെ രക്ത കണ്ണീരിൻ്റെ ജപമാല ചൊല്ലേണ്ടത്. അങ്ങനെ 7 ദിവസം ഏഴ് വ്യാകുലങ്ങളെ ഓർത്ത് പ്രാർത്ഥിച്ച് പരിശുദ്ധ അമ്മയിൽ നിന്നും അഭിഷേകം സ്വന്തമാക്കുക. ഏഴു ദിവസവും ഇങ്ങനെ രക്ത കണ്ണുനീരിൻ്റെ ജപമാല മുടങ്ങാതെ ചൊല്ലുകയും 7 വ്യാകുലങ്ങൾ ധ്യാനിക്കുകയും ചെയ്താൽ നിങ്ങൾ ആഗ്രഹിക്കുന്ന ഏഴു കാര്യങ്ങൾ നിങ്ങൾക്ക് സാധിക്കുകയും ചെയ്യും. ഇത് മറ്റുള്ളവരിലേക്ക് പ്രചരിപ്പിക്കുക.
കണ്ണീരിൻ്റെ ജപമാല ചൊല്ലി മറിയത്തോടൊപ്പം ഈശോയിലേക്ക് നമുക്ക് വളരാം. ജീവിതത്തിൻ്റെ മരുഭൂമി അനുഭവങ്ങളിൽ കേഴുന്ന മക്കൾക്ക് സ്വർഗ്ഗത്തിൻ്റെ പളുങ്കുക്കടൽ അവൾ സമ്മാനിക്കും. തീർച്ച!!! സാത്താൻ്റെ ശക്തികളിൽ നിന്നും അവൾ നമ്മെ കോരിയെടുത്ത് ക്രൂശിത സ്നേഹത്താൽ ജ്വലിപ്പിക്കും. സെഹിയോനിൽ; അമ്മ മേരിയിലും ശിഷ്യരിലും നിറഞ്ഞു കവിഞ്ഞ പരിശുദ്ധാത്മാവിൻ്റെ അഭിഷേക കാറ്റ് നമ്മെ ആനന്ദിപ്പിക്കട്ടെ.. രക്തകണ്ണീരിൻ്റെ ജപമാല ചൊല്ലി പ്രാർത്ഥിച്ച നിങ്ങളെ ഏവരെയും ക്രൂശിതൻ രക്ഷിക്കട്ടെ. ആമ്മേൻ !
